മരിച്ചവര്‍
ഒരിക്കലും മരിക്കാറില്ല
ചിലപ്പോള്‍
അവര്‍ മടങ്ങിവരും.
കറുത്ത ചതുരങ്ങളില്‍ നിന്നും
ഉയിര്‍ത്ത്
പലയിടത്തും
അലഞ്ഞ് നടക്കും.
വീടിന്റെ
ഉമ്മറത്ത്
തങ്ങളുടെ പടങ്ങളില്‍
ഇരട്ടവാലന്റെ
ചിത്രരചന കണ്ട് വേദനിക്കും.
പൊടി പിടിച്ച്
ആര്‍ക്കും വേണ്ടാതെ കിടക്കുന്ന
കിടപ്പുമുറികളില്‍
വെറുതെ കയറുമ്പോള്‍
എട്ടുകാലിവലയില്‍ കുടുങ്ങും.
അവിടെ
കറങ്ങി നടക്കുന്ന
പഴയകാല നിശ്വാസങ്ങളെ അറിയും.
തൊടികളില്‍
കുട്ടികള്‍ എറിഞ്ഞുടച്ച
വെറ്റിലച്ചെല്ലം തിരയും.
‘മക്കളേ’ യെന്ന്
വിളിക്കാന്‍ തുടങ്ങുമ്പോഴേക്കും
അവര്‍ ഹ്റുദയങ്ങള്‍ മുറിച്ച്
വേറിട്ടതറിയും.
പിന്നീട്
കാല്പാടുകളിലൂടെ
തിരിച്ച്
ചതുരങ്ങളില്‍ തന്നെ
കുടിയേറും.